സ്‌മൃതിശൃഗം
ഇത് എന്റെ നാട്ടിലെ മലയാണ്- കൊച്ചുതോവാള കുരിശുമല. അതിന്റെ ഒത്ത ഉച്ചിയില്‍ ഒരു കുരിശുണ്ട്. കാണാമോ? ഇല്ലെന്നു തോന്നുന്നു.
എന്നും ഇതിങ്ങനെ തലയുയര്‍ത്തി നില്ക്കും. പള്ളിയും സ്കൂളുമെല്ലാമുള്ള താഴ്വരയുടെ കിഴക്കുഭാഗത്ത് ഗ്രാമത്തിന്റെ കുഞ്ഞു ബഹളങ്ങളും കണ്ടുകൊണ്ട്.
എന്റെ ഓര്‍മ്മയുടെ അങ്ങേവശത്ത്, പാറ നിറഞ്ഞ ഇരു ഭാഗങ്ങള്‍ക്കുമിടയിലുള്ള പച്ചപ്പാര്‍ന്നിടത്തുകൂടി ഒരു നീര്‍ച്ചാല്‍ ഒഴുകിയിരുന്നു. വര്‍ഷകാലത്ത് ഒരു വെള്ളിനാട പോലെ അതു തെളിഞ്ഞുകാണാമായിരുന്നു. പുത്തന്‍ സ്കൂള്‍ യൂണിഫോം അണിഞ്ഞ് പുതുമണമുള്ള പുസ്തകങ്ങള്‍ നിറച്ച ബാഗും തോളിലിട്ട് പൂക്കുട ചൂടി പോകുമ്പോള്‍ ആ ചോലയൊഴുകുന്നതു ഞാന്‍ കൌതുകത്തോടെ നോക്കി നിന്നിരുന്നു.
പിന്നെ മഴയില്‍ കിളിര്‍ത്തു പൊന്തുന്ന പുല്ലുകളും കുറ്റിച്ചെടികളും കൊണ്ട് കുരിശുമല പച്ചപിടിക്കും. മുയലും പന്നിയും മുള്ളന്‍പന്നിയും മരപ്പട്ടിയും ഒക്കെ ധാരാളമുണ്ടായിരുന്നു ഒരു കാലത്ത് അവിടെ.
വേനലാവുമ്പോള്‍ ആദ്യമറിയുന്നത് ഈ കുരിശുമലയാണ്. വരണ്ട് കരിയിലനിറമാകും. വെയിലേറ്റ് വെന്ത് നില്‍ക്കും. അപ്പോള്‍ മല കൊതിക്കുമായിരിക്കും, ഒരു മഴ വന്ന് തണുപ്പിച്ചെങ്കിലെന്ന്.
ചില മോഹനരാവുകളില്‍ ഈ മലയുടെമേല്‍ പൌര്‍ണ്ണമി വെള്ളിക്കിണ്ണം പോലെ നില്‍ക്കുന്നതു കാണാന്‍ എന്തു ഭംഗിയാണ്! പടിഞ്ഞാറന്‍ വെയിലില്‍ സ്വര്‍ണ്ണനിറമാര്‍ന്ന് പതിയെ അങ്ങേചക്രവാളത്തില്‍ സൂര്യഭഗവാന്‍ മറയുമ്പോള്‍ തെല്ലിട ഒന്നു ചെമന്നു നിന്നെങ്കിലായി.
പിന്നെയെപ്പോഴൊക്കെയോ കോടമഞ്ഞു വന്നു കണ്ണാരം പൊത്തും. കുളിര്‍ന്നു വിറയ്ക്കൂന്ന വൃശ്ചികരാവുകളില്‍ മലയും ശരണമന്ത്രങ്ങള്‍ ഏറ്റു വിളിക്കും. ക്രിസ്തുദേവന്റെ പീഡാനുഭവസ്മരണയില്‍ ദു:ഖവെള്ളിയാഴ്ച കുന്നുകയറിയെത്തുന്ന വിശ്വാസികളെ വരവേല്‍ക്കും. അന്ന് ഇങ്ങു താഴെ വീടിന്റെ മുറ്റത്തു നിന്ന് മലമുകളില്‍ വെള്ളപ്പൊട്ടുകളായി നീങ്ങുന്ന ആള്‍ക്കാരെ നോക്കിനില്‍ക്കുമ്പോള്‍ വിഷാദഛായയുള്ള ഭക്തിഗീതങ്ങള്‍ അപ്പൂപ്പന്‍താടി പോലെ കാറ്റില്‍ പറന്നു വരും.
എല്ലാം കണ്ടുംകേട്ടും അങ്ങനെ ഒരേ നില്പാണ്. തലയെടുപ്പോടെ!
5 comments:
ഹാജര്‍...
maashe jeevanode undo...
ഫോട്ടോയും വരികളും കൂടി ആയപ്പോള്‍ ശരിക്കും ഒരു ഫീല്‍...
ഫോട്ടോയും വരികളും കൂടി ആയപ്പോള്‍ ശരിക്കും ഒരു ഫീല്‍...
നല്ല ചിത്രം വിവരണം...
Post a Comment